Monday, 24 December 2018

മഹാ കവി റഹിം*****
***********+*+******
എന്റെ കൂടെ ദുബായിൽ ജോലിചെയ്യുന്ന സുഹൃത്ത്പറഞ്ഞു : കഞ്ചാവടിച്ചാൽ പിന്നെ കഥയും കവിതയും വിരൽത്തുമ്പിലേക്കു ഒഴുകി എത്തുമെന്ന് ...
ആകെ വിഷമവൃത്തത്തിലായി .. ഇത്രയും നാൾ പാഴാക്കി കളഞ്ഞല്ലോ എന്നോർത്ത് . നാളുകൾ കടന്നു പോയി ...കാലചക്രം വീണ്ടും ഉരുളുന്നു ..
അങ്ങനെയിരിക്കെ, ഒരു വാർത്ത നാട്ടിൽ നിന്നും .. നമ്മുടെ നാട്ടിൽ 24 മണിക്കൂറും കഞ്ചാവടിച്ചു നടക്കുന്ന റഹീമിന്റെ വീട്ടിൽ പോലീസും ടാക്സ് ഉദ്യഗസ്ഥന്മാരും ചേർന്ന് റെയ്ഡ് നടത്തുന്നു.. ആരോ ഒറ്റിയതാ.. മണിക്കൂറുകളോളം നീണ്ട വല്യ റെയ്‌ഡെയിരുന്നു .... എന്തൊക്കെയോ കുറെ പേപ്പർ കെട്ടുകൾ അവർ പിടിച്ചെടുത്തിട്ടുണ്ട് .. പാവം റഹീമിനെ അറസ്റ് ചെയ്തു ജീപ്പിലേക്കു കേറ്റി.. കോട്ടവട്ടത്തെ മുഴുവൻ ആൾക്കാരും തടിച്ചു കൂടിയിട്ടുണ്ട്... അവർ റഹീമിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി .. പേപ്പർ കെട്ടുകളുടെ ദുരൂഹതയിലേക്കു അന്വേഷണം നീങ്ങി .. അനേക ബുദ്ധി ജീവികൾ ആ എഴുത്തു കുത്തുകൾ പരിശോധിച്ചു .. അവർ വിധിച്ചു .. ഇത്ര വലിയൊരു മഹാ കാവ്യം ഈ മലയാള ഭാഷയിൽ ആരും എഴുതിയിട്ടില്ല ... കഞ്ചാവിന്റെ ലഹരിയിൽ റഹീമിന്റെ മനോമുകുരങ്ങളിൽനിന്നു ഒലിച്ചിറങ്ങിയ അക്ഷര മാലകൾ ചാനലുകളുടെ ചർച്ച വിഷയമാകുന്നു .. കേന്ദ്ര സാഹിത്യ അക്കാഡമിയിൽ നിന്ന് മഹാരഥന്മാർ ചർച്ചകൾക്കെത്തുന്നു .. എങ്ങും റഹീമിന്റെ ചർച്ചകൾ മാത്രം .. കോളേജുകളിൽ ബുജി പിള്ളേർ റഹിം ഫാൻസ്‌ അസോസിയേഷൻ സംഘടിപ്പിക്കുന്നു ... ഭാഷാസ്നേഹികളുടെ ചുണ്ടിൽ ഒരേ ഒരു പേര് മാത്രം ... റഹിം ... ഇന്ത്യൻ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണം .. അത്താഴ വിരുന്നു .. വസതിയിലെ അത്താഴ വിരുന്നു കഴിഞ്ഞു ഹോട്ടലിലേക്കുള്ള യാത്ര .. വഴിയിൽ പതിയിരുന്ന വലിയ ഒരപകടം .. ഒരു വലിയ ട്രക്ക് റഹിം സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിച്ചു .. ഇടിയുടെ ആഘാതത്തിൽ റഹിം വണ്ടിയുടെ വെളിയിലേക്കു തെറിച്ചു പോയി .. ഒരു വലിയ ഗർത്തത്തിലേക്ക് പതിച്ച റഹിമിന് .. ദൈവാനുഗ്രഹമുണ്ടായിരുന്നു .. എന്തോ ചെടിയുടെ വള്ളിയിൽ പിടികിട്ടിയ റഹിം ഉറക്കെ അലറുവാൻ തുടങ്ങി വള്ളിയിലെ പിടി മുറുകി ... പെട്ടന്നാണത് സംഭവിച്ചത്.
ഒരലർച്ചയായിരുന്നു " മുടീന്ന് പിടിവിട് മനുഷ്യ " അയ്യോ ഇത് കേട്ടു പരിചയമുള്ള ശബ്ദമാണല്ലോ .. ചവിട്ടേറ്റ് കട്ടിലിൽ നിന്ന് നിലത്തു വീണ ഞാൻ നോക്കുമ്പോൾ തലയിൽ കൈവച്ചു കരയുന്ന ഭാര്യ എന്തൊക്കെയുന്നോ പുലമ്പുന്നുണ്ടായിരുന്നു ... ബാത്‌റൂമിൽ പോയി മുഖം കഴുകി വന്നിട്ടും എന്തോ വിശ്വാസം വരാത്ത പോലെ .. ഫോണെടുത്തു നാട്ടിലേക്കു വിളിച്ചു " അപ്പാ.. നമ്മുടെയാ റഹീമിന്റെ ന്യൂസ് എന്തെങ്കിലും "
അപ്പൻ : എന്ത് ന്യൂസ് .. അവൻ കഞ്ചാവടിച്ചു ആ ഓനാസറിന്റെ കടത്തിണ്ണയിൽ ഇരിപ്പുണ്ട് ...
ഒരു ചെറു ചമ്മലോടെ ഭാര്യയെ നോക്കി ..
തലയിൽ കൈവെച്ചോണ്ട് .. ചുവന്ന കണ്ണുകളോടെ അവളെന്നെ നോക്കുന്നു ...
@ നിരപ്പിലാൻ …..17.4.2018



മഹാ കവി റഹിം എന്ന ചെറുകഥയോട് എന്റെ പ്രതികരണം 

അനിൽ സാമിനെ പണ്ട് മുതലേ അറിയാം. എന്നാൽ 'നിരപ്പിലാനേ' യാദൃശ്ചികമായാണ് കണ്ടു മുട്ടിയത്! പെട്ടെന്നൊരു നാൾ താങ്കളുടെ ' പുതിയ മുഖം' കണ്ടപ്പോഴുണ്ടായ അതേ അത്ഭുതത്തോടെ!! ഏതായാലും ഉള്ളിലെ എഴുത്തുകാരന് ചേരുന്നുണ്ട് പുതിയ രൂപം. 

' മഹാ കവി റഹിം' വായിച്ചപ്പോൾ സമ്മിശ്ര വികാരങ്ങളാണുണ്ടായത്. കാരണം ഈ കഥയിലെ നായകൻ യഥാർത്ഥ ജീവിതത്തിൽ എന്റെ ഏറ്റവും അടുത്ത ബന്ധു കൂടി ആണല്ലോ. കൃത്യമായി പറഞ്ഞാൽ കൊച്ചാപ്പ. കൗമാര പ്രായത്തിൽ അമ്മയെ നഷ്ടപ്പെട്ടപ്പോൾ വിഷാദം പേറി ഊരു തെണ്ടി നടന്നയാൾ . ഒടുവിൽ മഹാനഗരങ്ങളുടെ ഗലികളിൽ എവിടെയോ വെച്ച് ലഹരിയേകുന്ന പുകച്ചുരളുകളിൽ അഭയം തേടിയതാവാം. ഏതായാലും, എനിക്ക് ഓർമ്മയുള്ള കാലം മുതൽ പ്രാകൃത രൂപം. ഒരേ പെരുമാറ്റം. വീണിടം വിഷ്ണു ലോകം. അന്നന്നുള്ള പുക. അതിനുള്ള അദ്ധ്വാനം. ചിന്തയുടെ ദൂരം അത്ര മാത്രം! കുഞ്ഞു കുട്ടി കുടുംബ പരാധീനതകൾ ഒന്നുമില്ല. ആ ചുണ്ടിൽ എരിഞ്ഞു തീർന്ന കനലുകൾക്കൊപ്പം നീറി കൊണ്ടേയിരുന്ന എത്രയോ ഹൃദയങ്ങൾ !! എങ്കിലും ഒരു സമാധാനമുണ്ട്. സമൂഹത്തിലെ ബോധമനസ്സുകൾ കാട്ടിക്കൂട്ടുന്ന ഒരു തരത്തിലുള്ള നെറികേടും ഈ മനുഷ്യനിൽ നിന്ന് ഇന്നേവരെ ഉണ്ടായതായി അറിവില്ല. ഒരു പക്ഷേ, തന്റെ സീമന്ത പുത്രന്റെ താളം തെറ്റിയ മനോനിലയിൽ ആത്മനൊമ്പരങ്ങളുമായി നിസ്സഹായനായി ജീവിക്കുന്ന ആ പിതാവിന്റെ പ്രാർത്ഥനയാവാം അത്തരം ആശ്വാസ വർത്തമാനത്തിനു പിന്നിൽ. ഏതായാലും, ലഹരിയുടെ നീരാളി കൈകൾ മറ്റൊരു കുഞ്ഞിനേയും താരാട്ടു പാടി ഉറക്കാതിരിക്കട്ടെ. 

വർഷങ്ങൾക്കിപ്പുറം ജീവിതത്തിലെ ആ ദുരന്ത നായകൻ ഒരു നർമ്മ കഥയിലെ ചിരിയുണർത്തുന്ന നായകനായി സ്വപ്ന തുല്യമായ അരങ്ങേറ്റം കുറിച്ചിരിക്കുന്നു! അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ ചിരിപ്പിക്കാൻ റഹിമിന് കഴിഞ്ഞിരിക്കുന്നു. 

വാൽകഷണം : കഞ്ചാവൊന്നും അടിക്കാതെ തന്നെ എഴുത്തു നന്നാവുന്നുണ്ട്. :) നമ്മുടെ ഗ്രാമഭംഗിയും അവിടുത്തെ കഥപാത്രങ്ങളും നിരപ്പിലാന്റെ തൂലികതുമ്പിലൂടെ അനുവാചക ഹൃദയങ്ങളിൽ പുനഃരവതരിക്കട്ടെ. ആശംസകൾ .......................
ഒരു മെയ് മാസപ്പുലരിയിൽ
ഇന്ന് മറ്റൊരു മെയ് ദിനം. ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളിലും മെയ് ഒന്നിന് തൊഴിലാളി ദിനം ആഘോഷിക്കുമ്പോൾ, ചിലയിടങ്ങളിൽ മറ്റു ദിവസങ്ങളിലാണ് ഈ ആഘോഷം. ജോലി സമയം എട്ടു മണിക്കൂർ ആക്കി പരിമിതപെടുത്താൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്ന പാവം തൊഴിലാളികളുടെ ത്യാഗ സമരങ്ങളുടെ വിജയസ്മരണക്കായി മാറ്റി വെക്കപ്പെട്ട വിശേഷ ദിനം. തൊഴിൽ രംഗത്തെ ചൂഷണങ്ങൾ ഇല്ലാതാകും വരെ ഇശ്ചാ ശക്തിയോടെ വിമോചന പോരാട്ടങ്ങൾ നടത്തിയ വിപ്ലവനായകൻമാരുടെ വീര ഗാഥകൾ ആവേശത്തോടെ വിവരിക്കപ്പെടുന്ന ദിവസം.
വർഷങ്ങളായി കേരളത്തിലെ തൊഴിലാളി നേതാക്കന്മാർ കണ്ണിൽ ചോരയില്ലാതെ, മനസ്സാക്ഷിയില്ലാതെ, പിടിച്ചു പറിയെന്നോണം, ഭീഷണിപ്പെടുത്തി അനർഹമായി കൈപ്പറ്റിയിരുന്ന 'നോക്ക് കൂലി'എന്ന പകൽ കൊള്ളയ്ക്ക് വിലക്ക് കല്പിക്കാൻ അതേ ദിനം തന്നെ സഖാവ് പിണറായിക്ക് തെരഞ്ഞെടുക്കേണ്ടി വന്നത് മറ്റൊരു വിരോധാഭാസമായി ചരിത്രത്തിൽ ഇടം പിടിക്കും. കൃത്യ നിർവഹണത്തോടൊപ്പം ഉണ്ടാകേണ്ട അവകാശ സംരക്ഷണ ബോധം ഒടുവിൽ അവനവന്റെ ആവശ്യ നിർവഹകണബോധം മാത്രമായി തരം താണുപോയപ്പോൾ പിറവിയെടുത്ത കൊള്ളരുതായ്മയുടെ ഓമനപ്പേരായിരുന്നു 'നോക്ക് കൂലി'. ഏതായാലും, അധ്വാനഭാരമില്ലാതെ അന്യന്റെ മുതൽ അന്യായമായി അകത്താക്കാനുള്ള അത്യാർത്തി ഒരു സംസ്കാരമെന്നോണം നമ്മുടെ സമൂഹത്തിൽ ഇനിയും വളരാതിരിക്കാൻ ഈ പ്രഖ്യാപനം സഹായകമാകും എന്ന പ്രത്യാശയോടെ..നമുക്ക് നേരാം .. മെയ് ദിനാശംസകൾ .....
മദേഴ്‌സ് ഡേ
വർഷത്തിൽ ഒരു ദിവസം അമ്മമാർക്കായിട്ട് അമേരിക്ക നീക്കി വച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ കാലത്താണ്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ച. മറ്റനവധി രാജ്യങ്ങളും അമേരിക്കയെ ചുവടു പിടിച്ചു ഇതേ ദിനം മദേഴ്‌സ് ഡേ ആയി ആഘോഷിക്കുന്നു. ഒപ്പം ഇന്ത്യയും. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഈ ദിനത്തിന് അടുത്ത കാലത്തായി നമുക്കിടയിൽ പ്രാധാന്യം കൈവന്നത്.
പ്രവാസ ലോകത്തിരുന്നു മദേഴ്‌സ് ഡേ വിശേഷങ്ങളും ആശംസകളും റേഡിയോയിലൂടെയും മറ്റു ഓൺലൈൻ മാധ്യമങ്ങളിലൂടെയും കേൾക്കുമ്പോൾ അങ്ങകലെ 'മാതൃ ദേവോ ഭവ' എന്ന മന്ത്രധ്വനി മുഴങ്ങുന്ന, ഭാരതാംബയുടെ മണ്ണിലെ ഏതാനും അമ്മമാരുടെ വർത്തമാനകാല ചിത്രങ്ങളാണ് മനസ്സിൽ തെളിയുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിലെ അമ്മമാരുടെ ഒട്ടും വർണ്ണാഭമല്ലാത്ത മങ്ങിയ ചിത്രങ്ങൾ .
ജീവിതത്തിൽ പല ഘട്ടങ്ങളിലും കൺ കണ്ട ദൈവം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നവർ ! അവരിൽ പലരും, എല്ലാവരുമുണ്ടെങ്കിലും ഇന്ന് ആൾകൂട്ടത്തിൽ തനിയെ എന്ന മട്ടിൽ കഴിയുന്നവരാണ്. മറ്റു ചിലരാകട്ടെ പ്രിയമുള്ള ഒരാളെങ്കിലും തന്നെ കാണാൻ വരും എന്ന വ്യർത്ഥ മോഹത്തോടെ, ഘനീഭവിച്ച മനസ്സോടെ വലിയ മതിൽ കെട്ടുകൾക്കുള്ളിൽ കാലം കഴിക്കുന്നവർ. ഒടുവിൽ ഒരു പക്ഷേ ഏറ്റു വാങ്ങാൻ ആരുമില്ലാതെ ഏതെങ്കിലും ആശുപത്രി വരാന്തകളിൽ വിറങ്ങലിച്ച ശരീരമായി കിടക്കേണ്ടി വരുന്നവർ! ജീവിത സായാഹ്നത്തിന്റെ ചില്ലകളിലേക്ക് ചേക്കേറിയ ആ പാവം അമ്മ പക്ഷികളുടെ അരികിലേക്ക് ഒരു സ്നേഹ സന്ദേശമായി പറന്നു ചെല്ലാൻ, അവർ തികച്ചും അനാഥരല്ലെന്നു തോന്നിപ്പിക്കാൻ, അവരുടെ ചുണ്ടുകളിൽ വിടരുന്ന ഒരു പുഞ്ചിരികാണാൻ ഒക്കെ ഉതകുന്ന പദ്ധതികളെ പറ്റിയാവട്ടെ പ്രവാസ ലോകത്തെ മദേഴ്‌സ് ഡേ ചർച്ചകൾ . സ്വാർത്ഥതയാൽ തിമിരം ബാധിച്ചു പോയ അക കണ്ണുകൾക്ക് കാഴ്ചയേകാൻ കഴിവുള്ള നന്മയുടെ സന്ദേശങ്ങൾ സാഹിത്യ രചനകളിലൂടെയും, ദൃശ്യ വിന്യാസങ്ങളിലൂടെയും സമൂഹമനസ്സാക്ഷിയിലേക്ക് പകരാൻ ഇവിടുത്തെ പ്രതിഭാശാലികൾക്കാവട്ടെ. ഒപ്പം, അമ്മമാരോടുള്ള പെരുമാറ്റത്തിൽ, അമ്മമാർ തന്നെ പുത്തൻ തലമുറക്ക് മാതൃകയാവട്ടെ.
മേലിൽ ഒരു പെറ്റമ്മയും പോറ്റമ്മയും, ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയപ്പെടുന്ന ഉപഭോഗ സംസ്കാരത്തിന്റെ ഇരകളാവാതിരിയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ നമുക്ക് നേരാം മദേഴ്‌സ് ഡേ ആശംസകൾ........

Sunday, 2 December 2018

മണ്ണിന്റെ വിലാപ ഗീതം

അധ്വാനിക്കുന്നവർ ഭാരം ചുമപ്പവർ

അഹോരാത്രമായ് കഷ്ടപ്പെടുന്നവർ

അന്നന്നത്തെ അന്നം തേടുന്നവർ

അത്രമേൽ എത്രയോ ദുരിതം പേറുന്നവർ!


തരിശു കിടന്ന നിലങ്ങളിലൊക്കെയും

കനവുകൾ പാകി പൊന്നു വിളയിച്ചവർ

ഊർന്നുപോം ചോരക്ക് പകരമായി

ഉണ്മയാം കണ്ണുനീർ ബാക്കിയായോർ!


അവരുടെ കണ്ഠങ്ങളിൽ നിന്നുയരും നിലവിളി

അവരുടേതായ് മാത്രം വേറിട്ട് നിൽക്കവേ !.

അവനവന്നധ്വാനം പാഴ്‌വേലയാകവേ

അവരൊത്തു കൂടുന്നു നഗര മധ്യത്തിലായ്...


പ്രതിഷേധത്തിന്നഗ്നി പടർത്താൻ

പ്രതിരോധത്തിൻ വിത്തുകൾ പാകാൻ

ചൂഷകരാമാധികാരികൾ തന്നുടെ

അഴിമതിയാകും കളകൾ പറിക്കാൻ !!


ചേർത്തു പിടിച്ചതേയില്ല കരങ്ങൾ

ചോദ്യമെറിഞ്ഞതേയില്ലൊരു ചാനലും!

ചാരത്തു കണ്ടതേയില്ല പതാകകൾ

ചോരാത്തൊരൈക്യം കാട്ടുവാനെന്നോണം!


മണ്ണോടു ചേർന്ന് വസിക്കുമപ്പാവങ്ങൾ

മൺമറയുന്നു നിരാശരായ് മാത്രം!

കാണുവാൻ താല്പര്യമില്ലാത്ത  കാഴ്ചകൾ

കേൾക്കുവാനിമ്പമില്ലാത്തൊരീ വാർത്തകൾ!


ഓർക്കുക മാനവ ഒരു നാൾ വരും നിൻ

കീശയിൽ കാശും ഉദരത്തിൽ വിശപ്പും

ഒരുപോലെ നിറയും ഫലമേതുമില്ലാതെ

ഫലമേതുമേകാത്ത ഭൂമിയിതിൽ!


അവനിയിൽ അധ്വാനഭാരത്താൽ എന്നും

അനവധി ജീവനെ പോറ്റുന്ന കർഷകർ

അധിവസിക്കുമാ നല്ല ഗ്രാമങ്ങളൊക്കെയും

അഴലൊന്നുമില്ലാതെ കാത്തിടേണം ....

Saturday, 17 November 2018

പഞ്ച പാവം

എന്റെ രണ്ടാമത്തെ  അനുജൻറെ മലയാള ഭാഷ നൈപുണ്യം കുടുംബാംഗങ്ങള്ക്കിടയിൽ പ്രസിദ്ധമാണ്. എഴുത്തിലും ആൾക്ക് കമ്പമുണ്ട്. അധികം ആരെയും കാണിക്കാറില്ല എന്ന് മാത്രം.  ഫലിതം നിറഞ്ഞ പല പ്രയോഗങ്ങളും ഇടക്കിടക്ക് നടത്താറുമുണ്ട്. ഭാഷ വച്ച് കളിയ്ക്കാൻ ആൾക്ക് നല്ല താല്പര്യവുമാണ്. കുട്ടികളോട് പ്രത്യേകിച്ചും...കഥകളൊക്ക സ്വന്തം ഭാവനയിൽ ഒരു എം ടി സ്റ്റൈലിൽ ആണ് അവതരണം.

ഒരിക്കൽ നാലു വയസ്സുകാരൻ മൂത്ത മകനോട്  അവൻ പറയുന്ന കേട്ടു ... "എന്നെ ഒന്നും ചെയ്യല്ലേ.. ഞാൻ ഒരു പഞ്ച പണക്കാരനല്ലേ.." ... പുള്ളിയുടെ മലയാളം നമ്പറുകളിലൊന്ന്...അവന്റെ കയ്യിൽ നിന്നും നല്ല ഇടി മേടിച്ചപ്പോൾ കാച്ചിയതാണ്.. മാസങ്ങൾ പിന്നെയും കടന്നു പോയി...

പൊരിയുന്ന വേനലിലെ മറ്റൊരു ദിനം. തിടുക്കത്തിൽ  ഉച്ച ഭക്ഷണം കഴിച്ചിട്ട് പോകാൻ  ഓഫീസിൽ നിന്ന് വീട്ടിൽ വന്നപ്പോൾ അവിടെ സീൻ ആകെ കോൺട്രയാണ്. ചേട്ടനും അനിയനും  തമ്മിലുള്ള ഏതോ വഴക്കു മൂത്തു, സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ഒടുവിൽ 'ഹോം മിനിസ്റ്റർ'ക്ക് നടപടി എടുക്കേണ്ടി വന്നു. കനത്തിൽ കിട്ടിയത്‌ മൂത്തവന്. തികച്ചും സ്വാഭാവികം. അവനൊരു മൂലക്കലിരുന്നു വാവിട്ടു കരയുന്നു. ഏങ്ങലടിക്കുന്നുണ്ട്. അന്തരീക്ഷം ശാന്തമാകാൻ ഇനിയും സമയം എടുക്കും എന്ന് എനിക്ക് തോന്നി.. എന്നെ കണ്ടതും, സങ്കടം പെരുത്ത് അടികിട്ടിയ ആൾ വിക്കി വിക്കി എന്തൊക്കെയോ പറയുന്നുണ്ട് ....  പലവുരു ..കാതോർത്തപ്പോൾ അത് വ്യക്തമായി.. " എന്നാലും എന്നെ അടിക്കാമോ?..ഞാൻ  ഒരു പഞ്ചപണക്കാരനല്ലേ .... " ... ആത്മാർത്ഥമായി പതം പറഞ്ഞു കരയുന്ന അവന്റെ മുന്നിൽ ചിരിയടക്കാൻ ഞാൻ പെട്ട പാട്...ചില്ലറയല്ല...!!!

അവനെ ആശ്വസിപ്പിക്കുമ്പോൾ , നിഷ്കളങ്ക മനസ്സുകൾ ..മുതിർന്നവരുടെ വാക്കുകളും പ്രവർത്തികളും മനസ്സിലാക്കുന്നതും മാതൃകയാക്കുന്നതും എത്ര ആത്മാർത്ഥതയോടെയാണെന്നു, ലേശം ഭീതിയോടെ ഞാൻ ഓർത്തു  !!.