മദേഴ്‌സ് ഡേ
വർഷത്തിൽ ഒരു ദിവസം അമ്മമാർക്കായിട്ട് അമേരിക്ക നീക്കി വച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ കാലത്താണ്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ച. മറ്റനവധി രാജ്യങ്ങളും അമേരിക്കയെ ചുവടു പിടിച്ചു ഇതേ ദിനം മദേഴ്‌സ് ഡേ ആയി ആഘോഷിക്കുന്നു. ഒപ്പം ഇന്ത്യയും. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഈ ദിനത്തിന് അടുത്ത കാലത്തായി നമുക്കിടയിൽ പ്രാധാന്യം കൈവന്നത്.
പ്രവാസ ലോകത്തിരുന്നു മദേഴ്‌സ് ഡേ വിശേഷങ്ങളും ആശംസകളും റേഡിയോയിലൂടെയും മറ്റു ഓൺലൈൻ മാധ്യമങ്ങളിലൂടെയും കേൾക്കുമ്പോൾ അങ്ങകലെ 'മാതൃ ദേവോ ഭവ' എന്ന മന്ത്രധ്വനി മുഴങ്ങുന്ന, ഭാരതാംബയുടെ മണ്ണിലെ ഏതാനും അമ്മമാരുടെ വർത്തമാനകാല ചിത്രങ്ങളാണ് മനസ്സിൽ തെളിയുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിലെ അമ്മമാരുടെ ഒട്ടും വർണ്ണാഭമല്ലാത്ത മങ്ങിയ ചിത്രങ്ങൾ .
ജീവിതത്തിൽ പല ഘട്ടങ്ങളിലും കൺ കണ്ട ദൈവം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നവർ ! അവരിൽ പലരും, എല്ലാവരുമുണ്ടെങ്കിലും ഇന്ന് ആൾകൂട്ടത്തിൽ തനിയെ എന്ന മട്ടിൽ കഴിയുന്നവരാണ്. മറ്റു ചിലരാകട്ടെ പ്രിയമുള്ള ഒരാളെങ്കിലും തന്നെ കാണാൻ വരും എന്ന വ്യർത്ഥ മോഹത്തോടെ, ഘനീഭവിച്ച മനസ്സോടെ വലിയ മതിൽ കെട്ടുകൾക്കുള്ളിൽ കാലം കഴിക്കുന്നവർ. ഒടുവിൽ ഒരു പക്ഷേ ഏറ്റു വാങ്ങാൻ ആരുമില്ലാതെ ഏതെങ്കിലും ആശുപത്രി വരാന്തകളിൽ വിറങ്ങലിച്ച ശരീരമായി കിടക്കേണ്ടി വരുന്നവർ! ജീവിത സായാഹ്നത്തിന്റെ ചില്ലകളിലേക്ക് ചേക്കേറിയ ആ പാവം അമ്മ പക്ഷികളുടെ അരികിലേക്ക് ഒരു സ്നേഹ സന്ദേശമായി പറന്നു ചെല്ലാൻ, അവർ തികച്ചും അനാഥരല്ലെന്നു തോന്നിപ്പിക്കാൻ, അവരുടെ ചുണ്ടുകളിൽ വിടരുന്ന ഒരു പുഞ്ചിരികാണാൻ ഒക്കെ ഉതകുന്ന പദ്ധതികളെ പറ്റിയാവട്ടെ പ്രവാസ ലോകത്തെ മദേഴ്‌സ് ഡേ ചർച്ചകൾ . സ്വാർത്ഥതയാൽ തിമിരം ബാധിച്ചു പോയ അക കണ്ണുകൾക്ക് കാഴ്ചയേകാൻ കഴിവുള്ള നന്മയുടെ സന്ദേശങ്ങൾ സാഹിത്യ രചനകളിലൂടെയും, ദൃശ്യ വിന്യാസങ്ങളിലൂടെയും സമൂഹമനസ്സാക്ഷിയിലേക്ക് പകരാൻ ഇവിടുത്തെ പ്രതിഭാശാലികൾക്കാവട്ടെ. ഒപ്പം, അമ്മമാരോടുള്ള പെരുമാറ്റത്തിൽ, അമ്മമാർ തന്നെ പുത്തൻ തലമുറക്ക് മാതൃകയാവട്ടെ.
മേലിൽ ഒരു പെറ്റമ്മയും പോറ്റമ്മയും, ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയപ്പെടുന്ന ഉപഭോഗ സംസ്കാരത്തിന്റെ ഇരകളാവാതിരിയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ നമുക്ക് നേരാം മദേഴ്‌സ് ഡേ ആശംസകൾ........
No comments:
Post a Comment