Thursday, 18 April 2013

താലോലം


രാരീരം പാടി ഉറക്കീടാം 
എന്നാരോമലേ  നിന്നെയെല്ലായിരവിലും 
രാവേറെയാകുമ്പോള്‍ രാക്കുയിലുറങ്ങുമ്പോള്‍ 
രാവുറങ്ങാതെ ഞാന്‍ താരാട്ട് പാടിടാം 

നിന്‍ സുഖ നിദ്രക്കായെന്നും ത്യജിച്ചിടാം  
എന്‍ നിദ്രയെന്നുടെ പൊന്നോമല്‍ പൈതലേ 
നിന്റെ കനവുകള്‍ എന്നും തെളിഞ്ഞീടാന്‍ 
എന്റെ കിനാവുകള്‍ക്കവധി ഞാന്‍ നല്കീടാം 

എന്നോമലേ നിന്‍ പുഞ്ചിരി കാണുമ്പോള്‍ 
എന്നാത്മ ദുഃഖങ്ങള്‍ എല്ലാം മറന്നിടും 
എന്നും നിന്‍ ചെഞ്ചുണ്ടിലൂറുന്ന ശിഞ്ചിതം 
എന്‍ നെഞ്ചിലേറ്റുന്നു വാത്സല്യത്തേന്‍ കടല്‍ 

അമ്മിഞ്ഞപ്പാലിനായെന്നുണ്ണി കേഴുമ്പോള്‍ 
അച്ഛന്റെ മാനസമാകെയുഴറിടും 
നീയാകും മുത്തിനെ തീരത്തണച്ചിട്ട് 
നീരിലേക്കാഴ്ന്നുപോയ് ചിപ്പിയാമമ്മ  

ഏകാന്തമാമെന്‍ ജീവിത  യാത്രയില്‍ 
ഏകമാം പ്രത്യാശ നീ മാത്രമല്ലേ... 
അച്ഛന്റെ മിഴിയിലെ അവസാന നാളവും 
അണയുന്ന നാള്‍  വരേ കാത്തിടാം  പൊന്നേ 




No comments:

Post a Comment