മാപ്പിള പാട്ടിന്റെ ഈണവും ശൈലിയും കടമെടുത്ത് എഴുതിയ ഏതാനും വരികള്‍ ......
മലക്കുല്‍ മൗത്തസ്രാഈല്‍ അണയും മുമ്പേ
മരണത്തിന്‍ വേദന അറിയും മുമ്പേ
പൊറുത്തീടണേ എന്റെ പാപങ്ങളൊക്കെയും
കരുണാ നിധിയാമെന്‍ തമ്പുരാനേ ...(മലക്കുല്‍ ...)
ആദ്യത്തെ ഓര്‍ മ്മകള്‍ നിറയുന്ന ബാല്യം
ആദ്യാനുരാഗത്തില്‍ അലിഞ്ഞൊരു കൗമാരം
ആനന്ദം തേടി അലഞ്ഞൊരു യൗവ്വനം
ആരോരുമില്ലാതെ തളരുമീ വാര്‍ദ്ധക്യം
കാലങ്ങളെല്ലാം കൊഴിഞ്ഞങ്ങു പോയല്ലോ
കാലത്തിനിപ്പുറം ഞാന്‍ തനിച്ചായല്ലോ
നാഥനെ ഓര്‍ക്കാതെ പാഴായി ജീവിതം
നാഥാ നീയേകണേ പാപത്തിന്‍ മോചനം (മലക്കുല്‍ ..)
ആര്‍ഭാട ജീവിതം നയിച്ചൊരു നാട്ടില്‍
ആഖോഷ വേളകള്‍ നിറയുമീ വീട്ടില്‍
ആള്‍ക്കൂട്ടത്തില്‍ ഞാന്‍ തനിയേ കഴിയവേ
ആലംബമെന്നും നീയാണിലാഹീ
വേദനകള്‍ മാത്രം പേറുന്ന ദേഹത്തേ
വേര്‍പെട്ടു പോകുവാന്‍ വെമ്പുന്ന ബന്ധുക്കള്‍
വേതനം നല്കീ നിര്‍ത്തിയ ഭൃത്യനും
വേദ സൂക്തങ്ങളും മാത്രമെന്‍ കൂട്ടുകാര്‍ (മലക്കുല്‍ ...)
മൗത്തോളം നീളുമീ മൗനമാം ജീവിതം
മറവി തന്‍ മരുഭൂവില്‍ മറയും മുമ്പേ
മനം നൊന്ത് കേഴുമെന്‍ തൗബ തന്‍ കണ്ണീരില്‍
മനസ്സിന്റെ പാപങ്ങള്‍ കഴുകിക്കളയണേ
ആറടി മണ്ണില്‍ ഞാനടിയും മുമ്പേ
ആദര്‍ശ ദീനില്‍ അടിയുറപ്പിക്കണേ
അന്ത്യ നിമിഷങ്ങളില്‍ അധരത്തിലേകണേ
ആദര ദീനിന്‍ ആധാര വാക്യങ്ങള്‍ (മലക്കുല്‍ ...)
No comments:
Post a Comment