Sunday, 19 May 2013

മദേഴ്സ് ഡേ


അഭിനവ യുഗത്തിലെ അഭ്യസ്ത വിദ്യര്‍ക്ക് 
അമ്മയെ ഓര്‍ക്കുവാന്‍   ഒരു 'ദിനം' വേണം
അറിവുമോര്‍മ്മയുമേറിടും   മുമ്പവര്‍ 
അമ്മയാം ക്ഷമയുടെ നെല്ലിപ്പലകകള്‍ 

ആത്മാംശമുള്ളിലായ് പേറുന്ന വാര്‍ത്ത തന്‍  
ആത്മ ഹര്‍ഷങ്ങളിലാറാടുമമ്മ  
ആ ജന്മ സാഫല്യം മാതൃത്വമാണെന്ന്  
സജലമാം  മിഴികളാല്‍  സാക് ഷ്യപ്പെടുത്തും 

കനവുകള്‍  തേടി നടന്നൊരു പെണ്ണവള്‍ 
കനിവിന്നുറവായി മാറും ദിനങ്ങള്‍ 
കരുതലിന്‍ മിഴിയോടെ കാവലിരിക്കും 
കഠിനമാം  വഴികളിലൂടെ ചരിക്കും 

പ്രാണന്‍ പകുത്തു കൊടുത്തതിന്‍ ശേഷവും 
പുഞ്ചിരിയോടമ്മ മാറോടണച്ചിടും 
കണ്ടിടുമമ്മയാ കുഞ്ഞിളം കണ്‍കളില്‍  
കതിരിടുന്നായിരം പുത്തന്‍ പ്രതീക്ഷകള്‍

അണയാത്ത സ്നേഹമായെന്നും തെളിഞ്ഞും 
അറിവിന്‍  നിലാവായെന്നും പരന്നും 
അലിവോടെയൂട്ടിയുറക്കിയോരമ്മയെ
അവിവേകമാട്ടിയിറക്കുന്ന കാഴ്ച്ചകള്‍!

അമ്മ തന്‍ സ്നേഹത്തിനാഴമളന്നീടാന്‍ 
അവനിയിലെവിടെയും ആഴിയൊന്നുണ്ടോ?
പ്രകടമായ് നല്കുവാനൊരു 'ദിനം' പോരാ 
പകരമായ് നല്കിടാം  ശിഷ്ടായുസ്സ്.... 




































  









Monday, 13 May 2013

കലികാല ചിന്തകള്‍

ഉയരത്തില്‍ കാട്ടി വീശും കരങ്ങളും 
ഉയിരാര്‍ന്ന പുഞ്ചിരിയേകും മുഖങ്ങളും 
ഉയരത്തിലെത്തവേ അധികാര ലഹരിയില്‍ 
ഉന്മാദ നൃത്തം ചവിട്ടുന്ന ദൃശ്യങ്ങള്‍!

അഴികൾക്കുമുള്ളിലും 
സുഖമായ് വസിച്ചിടും
അഴിമതിക്കാര്‍ ചേര്‍ന്ന് വാഴുമീ ദേശത്ത് 
അഴകൊത്ത പെണ്‍കൊടിക്കെന്നുമെവിടെയും 
അഴിയാക്കുരുക്ക്‌ കരുതിയിരിപ്പവര്‍!

മഞ്ഞില്‍ വിരിഞ്ഞൊരു പൂവിനെപ്പോലെയീ 
മണ്ണിന്‍ മനസ്സില്‍ മറഞ്ഞൊരു കന്യക*
അന്യന്റെ മര്‍ദ്ദനമേറ്റു കടന്നുപോയ് 
അന്യായ വിധിയും കാത്തു കിടന്നവന്‍ !**

ആര്‍ത്തിയില്‍ മുങ്ങിക്കിടക്കുന്ന  ദേഹത്ത് 
ആര്‍ദ്രതയേറുന്ന ഹൃദയമിന്നെവിടെ?
അരുതാത്തയാശകള്‍ തേടുന്ന മേനിയില്‍ 
ആത്മ വിശുദ്ധി തന്‍ നൈര്‍മ്മല്യമെവിടെ?

ഉത്കൃഷ്ട ചിന്ത തന്നുറവിടമാകേണ്ട 
ഉന്നത സൃഷ്ടിയാം മര്‍ ത്ത്യന്റെ ധിഷണയില്‍ 
പലവിധ ലഹരികള്‍ വെട്ടിത്തുറക്കുന്നു 
പതനത്തിന്‍ പാതകള്‍ നിത്യേനയെന്നോണം 

അറിയു നീ എന്നെയും നിന്നേയുമൊരുപോല്‍ 
അളവറ്റ കാരുണ്യമൊന്നിനാല്‍ പോറ്റിടും 
അഖിലത്തിനുടയവനായൊരു തമ്പുരാന്‍ 
അതി സൂക്ഷ്മം ഒക്കെയും കരുതിടും വിധിക്കായ്‌  

* നിർഭയ 
** പാകിസ്ഥാൻ ജയിലിൽ മരിച്ച ഇന്ത്യക്കാരൻ സരബ്‌ജിത് സിങ് 

Thursday, 18 April 2013

താലോലം


രാരീരം പാടി ഉറക്കീടാം 
എന്നാരോമലേ  നിന്നെയെല്ലായിരവിലും 
രാവേറെയാകുമ്പോള്‍ രാക്കുയിലുറങ്ങുമ്പോള്‍ 
രാവുറങ്ങാതെ ഞാന്‍ താരാട്ട് പാടിടാം 

നിന്‍ സുഖ നിദ്രക്കായെന്നും ത്യജിച്ചിടാം  
എന്‍ നിദ്രയെന്നുടെ പൊന്നോമല്‍ പൈതലേ 
നിന്റെ കനവുകള്‍ എന്നും തെളിഞ്ഞീടാന്‍ 
എന്റെ കിനാവുകള്‍ക്കവധി ഞാന്‍ നല്കീടാം 

എന്നോമലേ നിന്‍ പുഞ്ചിരി കാണുമ്പോള്‍ 
എന്നാത്മ ദുഃഖങ്ങള്‍ എല്ലാം മറന്നിടും 
എന്നും നിന്‍ ചെഞ്ചുണ്ടിലൂറുന്ന ശിഞ്ചിതം 
എന്‍ നെഞ്ചിലേറ്റുന്നു വാത്സല്യത്തേന്‍ കടല്‍ 

അമ്മിഞ്ഞപ്പാലിനായെന്നുണ്ണി കേഴുമ്പോള്‍ 
അച്ഛന്റെ മാനസമാകെയുഴറിടും 
നീയാകും മുത്തിനെ തീരത്തണച്ചിട്ട് 
നീരിലേക്കാഴ്ന്നുപോയ് ചിപ്പിയാമമ്മ  

ഏകാന്തമാമെന്‍ ജീവിത  യാത്രയില്‍ 
ഏകമാം പ്രത്യാശ നീ മാത്രമല്ലേ... 
അച്ഛന്റെ മിഴിയിലെ അവസാന നാളവും 
അണയുന്ന നാള്‍  വരേ കാത്തിടാം  പൊന്നേ 




Friday, 22 March 2013

ആത്മ നൊമ്പരങ്ങള്‍

 മാപ്പിള പാട്ടിന്റെ ഈണവും ശൈലിയും കടമെടുത്ത് എഴുതിയ ഏതാനും വരികള്‍ ......

മലക്കുല്‍ മൗത്തസ്രാഈല്‍ അണയും മുമ്പേ 
മരണത്തിന്‍ വേദന അറിയും മുമ്പേ 
പൊറുത്തീടണേ എന്റെ പാപങ്ങളൊക്കെയും 
കരുണാ നിധിയാമെന്‍ തമ്പുരാനേ ...(മലക്കുല്‍ ...)

ആദ്യത്തെ ഓര്‍ മ്മകള്‍ നിറയുന്ന ബാല്യം 
ആദ്യാനുരാഗത്തില്‍ അലിഞ്ഞൊരു കൗമാരം 
ആനന്ദം തേടി അലഞ്ഞൊരു യൗവ്വനം 
ആരോരുമില്ലാതെ തളരുമീ വാര്‍ദ്ധക്യം 

കാലങ്ങളെല്ലാം കൊഴിഞ്ഞങ്ങു പോയല്ലോ 
കാലത്തിനിപ്പുറം ഞാന്‍ തനിച്ചായല്ലോ 
നാഥനെ ഓര്‍ക്കാതെ പാഴായി ജീവിതം 
നാഥാ  നീയേകണേ പാപത്തിന്‍ മോചനം (മലക്കുല്‍ ..)

ആര്‍ഭാട ജീവിതം നയിച്ചൊരു നാട്ടില്‍ 
ആഖോഷ വേളകള്‍ നിറയുമീ വീട്ടില്‍ 
ആള്‍ക്കൂട്ടത്തില്‍ ഞാന്‍  തനിയേ കഴിയവേ 
ആലംബമെന്നും നീയാണിലാഹീ 

വേദനകള്‍  മാത്രം പേറുന്ന ദേഹത്തേ 
വേര്‍പെട്ടു പോകുവാന്‍  വെമ്പുന്ന ബന്ധുക്കള്‍ 
വേതനം നല്കീ നിര്‍ത്തിയ ഭൃത്യനും 
വേദ  സൂക്തങ്ങളും മാത്രമെന്‍  കൂട്ടുകാര്‍ (മലക്കുല്‍ ...) 

മൗത്തോളം നീളുമീ മൗനമാം ജീവിതം 
മറവി തന്‍ മരുഭൂവില്‍ മറയും മുമ്പേ 
മനം നൊന്ത് കേഴുമെന്‍ തൗബ തന്‍ കണ്ണീരില്‍ 
മനസ്സിന്റെ പാപങ്ങള്‍ കഴുകിക്കളയണേ 

ആറടി മണ്ണില്‍ ഞാനടിയും മുമ്പേ 
ആദര്‍ശ ദീനില്‍ അടിയുറപ്പിക്കണേ 
അന്ത്യ നിമിഷങ്ങളില്‍ അധരത്തിലേകണേ 
ആദര ദീനിന്‍ ആധാര വാക്യങ്ങള്‍  (മലക്കുല്‍ ...)