Friday, 30 October 2020

ഗരിയയിലെ ഹർഷോദയം

 ഗരിയയിലെ ഹർഷോദയം

അതി സുന്ദരമായ ഒരു അനുഭവമായിരുന്നു അത്. ഇതിന് മുമ്പ് ഇങ്ങനെ ഒരു ഉദയം കണ്ടത്, ഞാൻ തന്നെ ഉദയം ചെയ്ത് അധിക വർഷങ്ങൾ ആകും മുമ്പാണ്. അങ്ങ്  കന്യാകുമാരിയിൽ വച്ച് !! കൈയെത്തും ദൂരത്ത് ഇങ്ങനെ ഒരു സാദ്ധ്യത ഉണ്ടായിരുന്നിട്ടും ഇന്നലെയാണ്  ഉദയത്തിന് സാക്ഷിയാകണമെന്നൊരു മോഹം ഉദിച്ചത്. അങ്ങനെ, പത്നീ സമേതം 80 കിലോമീറ്ററോളം അകലെ ഗരിയ്യാ ബീച്ചിലേക്ക് ഒരു രാത്രി യാത്ര. ഒപ്പം സമാന ചിന്തയിൽ പങ്കു ചേർന്ന് പല ദിക്കിൽ നിന്ന് മറ്റു ചില കുടുംബങ്ങളും. പുലർച്ചെ മൂന്നരയോടെ ബീച്ചിൽ എത്തി. അവിടെ ഞങ്ങളെ കാത്തിരുന്നത് അവിസ്മരണീയമായ കാഴ്ചകളാണ് !  

പൗർണ്ണമിയുടെ അഭൗമ ശോഭയിൽ മുങ്ങിക്കിടക്കുന്ന ശാന്തമായ കടലോരം. രാത്രിയുടെ അന്ത്യയാമത്തിലെ നനുത്ത കുളിർ കാറ്റ്! നിലാവിൻ്റെ നിറവിൽ കടലിൻ്റെ നീലിമക്ക് പിന്നെയും  തിളക്കമേറി. ആർദ്രമായ തീരത്തെ,തഴുകിത്തലോടി ഉറക്കുന്ന കുഞ്ഞലകൾ.  പ്രകൃതിയുടെ താളക്രമങ്ങൾ എത്ര സംഗീതാത്മകം.! കാലാനുസൃത താളങ്ങളോടെ നിലാവും കാറ്റും അലകളും ഒരുമിച്ചൊരുക്കുന്ന വശ്യമാർന്ന ഒരു സംഗീത നിശ... തിരയും തീരവും തീവ്ര സ്നേഹത്താൽ ഗാഢാലിംഗനങ്ങളിൽ മുഴുകുമ്പോൾ മാത്രം നനവു പടരുന്ന ഓരം.  അങ്ങിനെ ഒരിടത്ത് കസേരയിട്ട് ഞങ്ങളിരുന്നു.  ചെറു തണുപ്പുള്ള ഇളം കാറ്റേറ്റ്, ഓളങ്ങളുടെ താരാട്ട് കേട്ട്, നിലാവിൻ്റെ കമ്പളം പുതച്ച്, ചക്രവാള സീമയിലേക്ക് കണ്ണുംനട്ട് അങ്ങനെ ഇരുന്നപ്പോൾ മാനത്തെ താരങ്ങൾ അസൂയയോടെ ഞങ്ങളെ നോക്കി കണ്ണു ചിമ്മുന്ന പോലെ തോന്നി.  പ്രകൃതിയുടെ മടിത്തട്ടിൽ മറ്റെല്ലാം മറന്നിരുന്ന മനോഹര നിമിഷങ്ങൾ! നേരം പോയത് അറിഞ്ഞതേയില്ല...... അപ്പോഴേക്കും, മഹാ തേജസ്വിയെ വരവേൽക്കാനെന്നോണം ചക്രവാളമാകെ ചുവപ്പ് പരവതാനി വിരിച്ചു കഴിഞ്ഞിരുന്നു....

നിലാവിൻ്റെ നീലിമ നേർത്ത് വന്നു. അരുണ കിരണങ്ങളുടെ സ്ഫുരണമാർന്ന് തെളിമാനം തുടുത്തു. കാത്തിരുന്നവർക്ക് ദർശനമേകും മട്ടിൽ  സാഗരത്തിൻ്റെ  അങ്ങേ അറ്റത്ത് കതിരോൻ എഴുന്നള്ളത്ത് തുടങ്ങിയിരുന്നു. ഉരുക്കിയ ചെമ്പിൽ തീർത്ത നേർത്ത ഒരു വക്രത്തുണ്ടായി തെളിഞ്ഞ്, നിമിഷങ്ങൾക്കുള്ളിൽ  അർദ്ധവൃത്താകൃതി പൂണ്ട് വീണ്ടും ഉയരങ്ങളിലേക്ക്.. യാത്ര തുടരുകയാണ്. വെൺ മേഘങ്ങൾക്കിപ്പോൾ സ്വർണ്ണത്തിളക്കം. ഓളപ്പരപ്പിൽ ഊളിയിടുന്ന സുവർണ്ണ രശ്മികൾ. പ്രപഞ്ചമാകെ പുലരി ഒരു ആഘോഷമാക്കുന്ന പ്രതീതി. കാറ്റിന് ഗതിവേഗം ലേശം കൂടിയോ?! ആഹ്ലാദത്തിരയിളക്കം അലകളിൽ പ്രകടമായിരുന്നു. ആഘോഷത്തിമർപ്പിൽ ഒരോ വരവിലും മതിയാവോളം തീരത്തെ വാരിപ്പുണരുന്ന തിരകൾ ! സാഗര മുഖത്ത്, നിരകളായി പറന്നും സ്വരമുതിർത്തും പക്ഷിജാലം.

തീരത്തെ മുഖങ്ങൾ, ഉഷസ്സിൻ്റെ പ്രഭക്കൊപ്പം തിളക്കമാർന്നു നിന്നു!  എവിടെയും പ്രതീക്ഷയുടെ  നാമ്പുകൾ മുളപ്പിച്ച നവോത്സാഹം.  ..ചരിവേറിയ തീരങ്ങളിൽ തിരകൾക്കൊപ്പം ചുവട് വച്ച് ബാലികാ ബാലൻമാർ. പ്രണയക്കടലിൽ മുങ്ങി നീരാടി ഒരേ മനസ്സോടെ ഇണകളും.  ഈറനണിഞ്ഞ മണൽപ്പരപ്പിൽ ഭാവനയുടെ ചിറകിലേറി കുരുന്നുകൾ. മറ്റൊരു കൂട്ടർ പ്രാതലിനുള്ള വട്ടം കൂട്ടി...  എരിയുന്ന കനലുകൾ ബാല സൂര്യൻ്റെ വർണ്ണമാവാഹിച്ചു. പൊരിയുന്ന ദോശക്കല്ലിൽ നേർത്ത ശബ്ദത്തോടെ അരിമാവ് വൃത്താകൃതികൾ പൂണ്ടു. അവയ്ക്ക് മീതെ തനി നാടൻ വെളിച്ചെണ്ണ തൂകിയതോടെ കാറ്റിൽ കൊതിയൂറും മണം പടർന്നു. തോടുകൾക്കുള്ളിലെ നിത്യ തമസ്സിൽ നിന്നും മോചനം നേടിയ മുട്ടകൾ, മോക്ഷം തേടിയെന്നോണം ഉദയചിത്രങ്ങളായി പുനർജ്ജനിച്ചു.. ഗ്ലാസുകളിൽ പകർന്ന ചൂടേറിയ സുലൈമാനി  പുലരിയുടെ നവോൻമേഷം സിരകളിലെത്തിക്കാൻ മത്സരിച്ചു.... ആവി പറക്കുന്ന തനി നാടൻ വിഭവങ്ങളോടെ, കടൽത്തീരത്ത് , കൂട്ടുകാരുമൊത്ത് ഒരു പ്രാതൽ. ഇത് മറ്റൊരു ആദ്യാനുഭവം! 

ഓർമ്മകൾക്കൊപ്പം സൂക്ഷിക്കാൻ ദൃശ്യങ്ങളൊക്കെയും ക്യാമറയിലാക്കി തിരികെ മടങ്ങുമ്പോൾ അകതാരിലെ ഹർഷോദയം ഉദയ സൂര്യനൊപ്പം ഉയരങ്ങളിലേക്കെത്തുന്നത് ഞാനറിഞ്ഞു. .. ( ശുഭം..)


നൗഷാദ് ഇളമ്പൽ


Thursday, 16 July 2020

*"സംഭവം ആണ്  " !!*

അനുയോജ്യമായ അവസരങ്ങളിലുള്ള ചില കുറിക്ക് കൊള്ളുന്ന പ്രയോഗങ്ങൾക്കു  ആയിരം വാക്കുകളേക്കാൾ മൂർച്ചയുണ്ടാകും. ഉള്ളിലുള്ള വികാരങ്ങൾ കൃത്യമായി പ്രകടിപ്പിക്കാൻ കാച്ചിക്കുറുക്കിയത് പോലുള്ള പ്രയോഗങ്ങൾ!! ഒരു നാൾ  നിനച്ചിരിക്കാതെ അത്തരത്തിൽ ഒന്ന് എന്റെ നേർക്ക് വന്നു പതിച്ചതിന്റെ കാര്യമോർത്താൽ എനിക്ക് ചിലപ്പോ ചിരിക്കാൻ തോന്നും. ചിലപ്പോ കരയാനും..

ക്രിസ്തു വർഷം 2014. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ദോഹയിലെ ഒഴിവു ദിനം. അടുത്ത ഇടക്ക് സ്വന്തമാക്കിയ നിസ്സാൻ പാഥ്ഫൈൻഡറിൽ ആണ് എന്റെ യാത്ര. ഫാമിലി ഫുഡ് സെന്ററാണ് ലക്‌ഷ്യം. ഈ കഥയിൽ, വണ്ടിയുടെ പേര് വിവരത്തിന്റെ പ്രാധാന്യം എന്തെന്ന് വഴിയേ മനസ്സിലാകും. .

നിരത്തിൽ വലിയ തിരക്കില്ലായിരുന്നുവെങ്കിലും സൂപ്പർമാർക്കറ്റിനു മുന്നിൽ നല്ല തിരക്കായിരുന്നു. ആവശ്യത്തിന് പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ മിക്കപ്പോഴും റോഡിനോട് ചേർന്ന് നിര നിരയായി വണ്ടികളുടെ കൂട്ടമായിരിക്കും.   ഒരാൾ വണ്ടിയിലിരുന്നിട്ട്,  കൂടെയുള്ളവർ സാധനങ്ങൾ വാങ്ങാൻ പോവാറാണ് പതിവ്. അങ്ങനെ ഞാൻ വണ്ടിയിൽ വെയിറ്റ് ചെയ്യുമ്പോഴാണ് തൊട്ടു പിറകിലുള്ള വണ്ടി, ഉദ്യമം കഴിഞ്ഞു പോകാൻ തയ്യാറെടുത്തത്. സ്ഥല പരിമിതി പ്രകടമായിരുന്നു.

എന്റെ മുന്നിൽ ഒരു  വെള്ള ലാൻഡ് ക്രൂയിസർ  അരയടിയോളം മുന്നിലായി  കിടക്കുന്നത് ഞാൻ വിൻഡ് ഷീൽഡിലൂടെ കാണുന്നുണ്ട്. വണ്ടി നിർത്തിയിട്ടു ആയാളും സൂപ്പർ മാർക്കറ്റിൽ പോയിരിക്കുന്നു..  ഞാൻ പിറകിലുള്ള വണ്ടിയെ പുറത്തിറങ്ങുന്നതിനു സഹായിക്കാൻ, സകല റിസ്കും ഒറ്റക്കെടുത്തു എന്റെ വണ്ടി മുന്നോട്ടു നീക്കി. പരമാവധി കൊടുക്കാവുന്ന ദൂരം ഞാൻ മുന്നോട്ടു പോയി. ഏകദേശം അഞ്ചിഞ്ച് ! ഇനിയും മുന്നോട്ടു പോയാൽ ഞാൻ മുന്നിലുള്ള വണ്ടിയെ ഇടിക്കും. ഉറപ്പാണ്. അതാകട്ടെ ഒരു അറബിയുടേതും. എങ്ങാനും മുട്ടിയാൽ വലിയ പ്രശ്നമാകും. എന്നിട്ടു സഹാനുഭൂതിയോടെ ഞാൻ പിറകോട്ടു നോക്കി. അവർ രണ്ടു പേരുണ്ടായിരുന്നു. മലയാളികൾ. അവരുടെ പിറകിലുള്ള വണ്ടിയും  വളരെ ചേർന്ന് കിടന്നതിനാൽ പാർക്കിംഗ് ലൈനിൽ നിന്ന് പുറത്തിറങ്ങാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. ഇടക്ക് എന്നോടും ചോദിച്ചു. ഒരിത്തിരി കൂടി മുന്നോട്ട് പോകാൻ ആകുമോന്നു.. ഞാൻ വീണ്ടും റിസ്ക് എടുത്തു ഒരിഞ്ചു പിന്നേം മുന്നോട്ടു നീക്കി. എന്നിട്ട്, ഇനി ഒരു രക്ഷയുമില്ല എന്ന് ആംഗ്യം കാണിച്ചു. അവർ നന്ദി സൂചകമായി കയ്യൊക്കെ കാണിച്ചു പിന്നെയും യത്നത്തിൽ മുഴുകി. അപാരമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ അയാളുടെ ഡ്രൈവിംഗ് സ്‌കിൽ! മുട്ടി..മുട്ടി.. മുട്ടീല്ല എന്ന മട്ടിൽ ഞെളിഞ്ഞു ഞെളിഞ്ഞു ഒടുവിൽ ആ ശകടം ഒരു ദീർഘ നിശ്വാസത്തോടെ പുറത്തു കടന്നു. വിയർപ്പിൽ മുങ്ങിയ  ഡ്രൈവർ!   ഏതായാലും എനിക്കും സന്തോഷമായി..ഒരാളെ തന്നാലാവുന്ന വിധം പരമാവധി സഹായിക്കാൻ കഴിഞ്ഞല്ലോ എന്നോർത്ത്...

മുന്നോട്ടു ഗമിച്ച ആ വാഹനം എന്തോ കണ്ടിട്ടെന്ന പോലെ പൊടുന്നനെ ബ്രേക്ക് ചവിട്ടി...  റിവേഴ്‌സിൽ വന്നു എനിക്ക് സമാന്തരമായി നിന്നു. തല പുറത്തേക്കിട്ടു ആ സാധു മനുഷ്യൻ ഒന്നാന്തരം കോട്ടയം ശൈലിയിൽ, ഉച്ചത്തിൽ എന്നോട് അങ്ങനെ പറഞ്ഞതു എന്തിനെന്നു അപ്പോൾ എനിക്ക് മനസ്സിലായതേയില്ല...  വലിയ ഒരു അഭിനന്ദനം ചൊരിയുമ്പോഴുള്ള പോലുള്ള അയാളുടെ ആംഗ്യ ഭാഷ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പക്ഷേ, മുഖത്ത് സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റം. എന്നിട്ടയാൾ ധൃതിയിൽ വണ്ടി ഓടിച്ചു പോയി .. സംഭവം എന്താണെന്നറിയാനുള്ള ജിജ്ഞാസയിൽ ഞാൻ പുറത്തിറങ്ങി നോക്കി..അവിടെ എന്റെ വണ്ടിക്കു മുന്നിൽ ദേ ആർക്കും വേണ്ടാതെ കിടക്കുന്നു നാലടിയോളം സ്ഥലം!!! ഉയരം കുറവുള്ള ഞാൻ പരിചയക്കുറവുള്ള വണ്ടിയുടെ ഉള്ളിലൂടെ കണ്ട ആ "അരയടി" ഒരു കനത്ത അടിയായി എന്റെ കാതുകളിൽ അപ്പോഴും മുഴങ്ങി. "സം...........ഭവം ആണ് .. "

Sunday, 9 February 2020

ഹബീബത്തീ ഖത്തർ... (QATAR NATIONAL DAY SONG 2019 - VIDEO ALBUM)
MUSIC AND SINGER - AJEESH VADAKKINKARA
CHORUS :
1. SHAFEQ MALIYEKKAL
2. SHAJI
3. DEEPA AJAY
4. AMBILY VINOD
5. ARJA KRISHNAKUMAR

യാ................ ബിലാദീ ഖത്തർ........
യാ................ ഹബീബത്തീ ഖത്തർ...

ലോക ഭൂപടം തേടും ......
താര ഭൂമിയിവിടെ
കാല്പന്താവേശത്തിൻ......
ലോക വേദിയിവിടെ (2)

സാഗര തീരം പുൽകും
സ്നേഹ ഭൂവിതിൽ ....(2 )
വികസനത്തിനശ്വമായിതാ ....
പായും ഖത്തർ...

അല്ലാഹ് അൽ അമീർ അൽ വത്തൻ (2)

അറിവിൻ.... ഉയരം തേടി പാറും
അലിവിൻ ആഴക്കടലാ...യ് മാറും (2 )
അത്യുന്നതമാം സംസ്കാരത്തിൻ
മുത്തായ്‌ മാറിയ  ദേശമിതാ ....(2 )

പാരാകേ........... പടരുമിതാ....ഈ  നാമം
ഈ നാടിൻ..... കീർത്തനമായ്

തേജസ്സായിതാ....നവ ചേതനയായിതാ (2)


അല്ലാഹ് അൽ അമീർ അൽ വത്തൻ (2)

കനലിൻ.... വഴികൾ താണ്ടിപ്പായും ....
കനവിൻ.... വഴികൾ തേടി പോകും (2)
ഇച്ഛാശക്തി തന്നുരുക്കു കോട്ടയിതായി
വിളങ്ങും  ദേശമിതാ (2)

നാടാകേ .... നിറയുകയായ് ഈ  ഹർഷം
സ്നേഹത്തിൻ ....... നിറവൊളിയായ്

ആവേശമായിതാ ..ഇനി ആഘോഷമായിതാ   .... (2 )

അല്ലാഹ് അൽ അമീർ അൽ വത്തൻ (2 )

Wednesday, 27 November 2019

ഖത്തർ 

അറേബ്യ എന്നൊരു ചിപ്പിക്കുള്ളിൽ മിന്നും മുത്തായ് ഖത്തർ!
അത്യുന്നതമാം സംസ്കാരത്തിൻ ഉത്തമദേശം ഖത്തർ!
'അല്ലാഹ് അൽ അമീർ അൽവത്തനെ 'ന്നൊരു സുന്ദര മുദ്രാവാക്യം
ആദർശത്തിന്നലയൊലിയായ് വാനിൽ മുഴങ്ങും ഖത്തർ !

കായിക മാമാങ്കത്തിൻ നിരവധി വേദികൾ തീർക്കും ഖത്തർ!
കാല്പന്തിൻ കളിയാവേശത്തിൻ കൊടുമുടി തീർക്കും ഖത്തർ !
കാരുണ്യത്തിൻ വറ്റാ ഉറവകൾ അനവധി പേറും ഖത്തർ!
കാത്തിരിക്കാനിനിയുമേറെ കാഴ്ചകളേകും ഖത്തർ!

പാരിൻ കായിക ഭൂപടത്തിൽ തിളങ്ങി നിൽക്കും ഖത്തർ!
പരിണാമത്തിൻ പുത്തൻ പാതകൾ നിത്യം തേടും ഖത്തർ!
പരശതകോടി പ്രവാസികൾ തന്നിഷ്ട തീരം ഖത്തർ!
പ്രജകൾ തന്നുടെ ക്ഷേമത്തിന്നൊരു ക്ഷാമവുമില്ലാ ഖത്തർ !

വിവേകമാകുമൊരാരാമത്തിൻ പനിനീർ പൂവായ്ഖത്തർ !
വിശാല കാഴ്ചപ്പാടിൻ വിശ്വ മാതൃകയായീ ഖത്തർ !
വിദ്യ വിഹായസ്സിൽ ഉയരം തേടും ഫാൽക്കൺ പക്ഷി ഖത്തർ!
വികസന പാതയിൽ മുന്നേറ്റത്തിന്നശ്വമാകും ഖത്തർ !

ഇവിടം സ്വർഗമായിക്കാണാൻ, ഒരു നവ ലോകം തീർക്കാൻ
ഇനിയൊരു ജനതക്കഭിമാനിക്കാൻ ചരിത്ര ഭൂമിയാകാൻ
ഇച്ഛാശക്തി തന്നുരുക്കു കോട്ടകളായി വിളങ്ങും ഖത്തർ!
ഇത്തരുണത്തിൽ നേരാമൊന്നായ് ഹൃദയത്തിന്നഭിവാദ്യങ്ങൾ !




Wednesday, 20 February 2019

കൃഷ്ണാ നീ എന്നെയറിയില്ല ... !!
ചിത്രയുടെ ആലാപനത്തികവും, ഇഴപിരിച്ചെടുക്കാനാവാത്ത വിധം വരികളുമായി ചേർന്നു നിൽക്കുന്ന സംഗീതവും കൂടിയായപ്പോൾ സുഗതകുമാരിയുടെ കവിതക്ക് കൈവന്നത് ജീവൻ തുടിക്കുന്ന ദൃശ്യഭാഷ ! അമ്പാടിയുടെ ഒരു കോണിൽ, ഒരിക്കൽ പോലും കൃഷണന്റെ കൺമുന്നിൽ എത്താതെ, മാറി നിന്ന്, ആരോരുമറിയാതെ കണ്ണനെ ആത്മാവിൽ കുടിയിരുത്തി, ജീവാംശമായി കൊണ്ടു നടക്കുന്ന പാവം ഗോപിക. അമ്പാടിയിലെ നിത്യ സുന്ദരക്കാഴ്ചകൾ ഓരോന്നായി എടുത്ത് പറഞ്ഞ് ,താൻ അതിലൊന്നും ഉൾപ്പെട്ടിട്ടില്ലെന്നവൾ വ്യകതമാക്കുന്നു. '' കൃ ഷ്ണാ നീ എന്നെ അറിയില്ല " എന്ന വാക്കുകളിലെ നിഷ്കളങ്ക ഭാവം ഇതിലും നന്നായി ഒരു ഗായികക്ക് പകർത്താനാവില്ല! ആദിമദ്ധ്യാന്തമത്രയും ഗോപികയുടെ ഭാവങ്ങൾ അക്ഷരാർത്ഥത്തിൽ വരച്ചുകാട്ടിയ സ്വരമാധുരി! കവിതയുടെ ഉൾക്കരുത്ത് ആവാഹിച്ച സംഗീതം. സന്ദർഭങ്ങൾക്ക് അനുയോജ്യമായ പശ്ചാത്തല ശബ്ദങ്ങൾ കൂടിയൊരുക്കിയപ്പോൾ, ശ്രോതാവ് അമ്പാടിയിലെ നേർക്കാഴ്ചകളിലേക്ക് അറിയാതെ കണ്ണ് നട്ടിരുന്നു പോവും. ഒടുവിൽ കൃഷണന്റെ സുസ്മേരം ഏറ്റുവാങ്ങുന്ന ഗോപികയുടെ വിസ്മയം, സ്നേഹതീവ്രത, ഭകതി, തിരിച്ചറിവ് ഒക്കെ എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു നിമിഷത്തെ അർദ്ധവിരാമം പോലും എത്ര അർത്ഥവത്തായിരിക്കുന്നു !!!

ഭക്തിയും, പ്രേമവും, ആത്മസമർപ്പണവും ഒന്നോടൊന്ന് മത്സരിക്കുമ്പോഴും പ്രകടന പരമായതൊന്നും കാട്ടാതെ നിശ്ശബ്ദയായി, തന്റെ നിത്യജീവിതം കഴിക്കുകയാണ് സാധുവായ ഗോപിക. സന്തോഷവതിയായി തന്നെ. തന്നെ കൃഷ്ണന് അറിയാൻ ഒരു വഴിയുമില്ല എന്ന ഉറച്ച വിശ്വാസത്തിൽ ! നിസ്വാർത്ഥമായ നിഷ്കളങ്കമായ വിശുദ്ധിയേറിയ ഈ ഗോപികയുടെ മനസ്സിനേക്കാൾ വലിയ സ്വർഗ്ഗം എവിടെയാണുണ്ടാവുക? അത്തരം ഹൃദയങ്ങളിൽ തന്നെയാണ് ഈശ്വരൻ കുടികൊള്ളുന്നത് എന്ന മഹത്തായ സന്ദേശമാണ് സുഗതകുമാരി ഈ മനോഹരമായ കവിതയിലൂടെ അനുവാചകരിലേക്കത്തിക്കുന്നത്. "നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ് എന്റെ നോട്ടം, നിങ്ങളിൽ നൂക്ഷ്മത നിറഞ്ഞ ഭക്തർക്ക് ആണ് എന്റെയടുക്കൽ സ്ഥാനം, നിങ്ങളുടെ കണ്ഠ നാളങ്ങളെക്കാൾ ഞാൻ നിങ്ങളോട് അടുത്തിരിക്കുന്നു" തുടങ്ങിയ ദൈവ വചനങ്ങളെ അനുസ്മരിപ്പിക്കുന്ന അന്ത:സത്ത.

മനസ്സിരുത്തി ഈ കവിത കേൾക്കാതെ പോകുന്നത് വലിയ നഷ്ടം തന്നെയാവും..

Monday, 24 December 2018

മഹാ കവി റഹിം*****
***********+*+******
എന്റെ കൂടെ ദുബായിൽ ജോലിചെയ്യുന്ന സുഹൃത്ത്പറഞ്ഞു : കഞ്ചാവടിച്ചാൽ പിന്നെ കഥയും കവിതയും വിരൽത്തുമ്പിലേക്കു ഒഴുകി എത്തുമെന്ന് ...
ആകെ വിഷമവൃത്തത്തിലായി .. ഇത്രയും നാൾ പാഴാക്കി കളഞ്ഞല്ലോ എന്നോർത്ത് . നാളുകൾ കടന്നു പോയി ...കാലചക്രം വീണ്ടും ഉരുളുന്നു ..
അങ്ങനെയിരിക്കെ, ഒരു വാർത്ത നാട്ടിൽ നിന്നും .. നമ്മുടെ നാട്ടിൽ 24 മണിക്കൂറും കഞ്ചാവടിച്ചു നടക്കുന്ന റഹീമിന്റെ വീട്ടിൽ പോലീസും ടാക്സ് ഉദ്യഗസ്ഥന്മാരും ചേർന്ന് റെയ്ഡ് നടത്തുന്നു.. ആരോ ഒറ്റിയതാ.. മണിക്കൂറുകളോളം നീണ്ട വല്യ റെയ്‌ഡെയിരുന്നു .... എന്തൊക്കെയോ കുറെ പേപ്പർ കെട്ടുകൾ അവർ പിടിച്ചെടുത്തിട്ടുണ്ട് .. പാവം റഹീമിനെ അറസ്റ് ചെയ്തു ജീപ്പിലേക്കു കേറ്റി.. കോട്ടവട്ടത്തെ മുഴുവൻ ആൾക്കാരും തടിച്ചു കൂടിയിട്ടുണ്ട്... അവർ റഹീമിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി .. പേപ്പർ കെട്ടുകളുടെ ദുരൂഹതയിലേക്കു അന്വേഷണം നീങ്ങി .. അനേക ബുദ്ധി ജീവികൾ ആ എഴുത്തു കുത്തുകൾ പരിശോധിച്ചു .. അവർ വിധിച്ചു .. ഇത്ര വലിയൊരു മഹാ കാവ്യം ഈ മലയാള ഭാഷയിൽ ആരും എഴുതിയിട്ടില്ല ... കഞ്ചാവിന്റെ ലഹരിയിൽ റഹീമിന്റെ മനോമുകുരങ്ങളിൽനിന്നു ഒലിച്ചിറങ്ങിയ അക്ഷര മാലകൾ ചാനലുകളുടെ ചർച്ച വിഷയമാകുന്നു .. കേന്ദ്ര സാഹിത്യ അക്കാഡമിയിൽ നിന്ന് മഹാരഥന്മാർ ചർച്ചകൾക്കെത്തുന്നു .. എങ്ങും റഹീമിന്റെ ചർച്ചകൾ മാത്രം .. കോളേജുകളിൽ ബുജി പിള്ളേർ റഹിം ഫാൻസ്‌ അസോസിയേഷൻ സംഘടിപ്പിക്കുന്നു ... ഭാഷാസ്നേഹികളുടെ ചുണ്ടിൽ ഒരേ ഒരു പേര് മാത്രം ... റഹിം ... ഇന്ത്യൻ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണം .. അത്താഴ വിരുന്നു .. വസതിയിലെ അത്താഴ വിരുന്നു കഴിഞ്ഞു ഹോട്ടലിലേക്കുള്ള യാത്ര .. വഴിയിൽ പതിയിരുന്ന വലിയ ഒരപകടം .. ഒരു വലിയ ട്രക്ക് റഹിം സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിച്ചു .. ഇടിയുടെ ആഘാതത്തിൽ റഹിം വണ്ടിയുടെ വെളിയിലേക്കു തെറിച്ചു പോയി .. ഒരു വലിയ ഗർത്തത്തിലേക്ക് പതിച്ച റഹിമിന് .. ദൈവാനുഗ്രഹമുണ്ടായിരുന്നു .. എന്തോ ചെടിയുടെ വള്ളിയിൽ പിടികിട്ടിയ റഹിം ഉറക്കെ അലറുവാൻ തുടങ്ങി വള്ളിയിലെ പിടി മുറുകി ... പെട്ടന്നാണത് സംഭവിച്ചത്.
ഒരലർച്ചയായിരുന്നു " മുടീന്ന് പിടിവിട് മനുഷ്യ " അയ്യോ ഇത് കേട്ടു പരിചയമുള്ള ശബ്ദമാണല്ലോ .. ചവിട്ടേറ്റ് കട്ടിലിൽ നിന്ന് നിലത്തു വീണ ഞാൻ നോക്കുമ്പോൾ തലയിൽ കൈവച്ചു കരയുന്ന ഭാര്യ എന്തൊക്കെയുന്നോ പുലമ്പുന്നുണ്ടായിരുന്നു ... ബാത്‌റൂമിൽ പോയി മുഖം കഴുകി വന്നിട്ടും എന്തോ വിശ്വാസം വരാത്ത പോലെ .. ഫോണെടുത്തു നാട്ടിലേക്കു വിളിച്ചു " അപ്പാ.. നമ്മുടെയാ റഹീമിന്റെ ന്യൂസ് എന്തെങ്കിലും "
അപ്പൻ : എന്ത് ന്യൂസ് .. അവൻ കഞ്ചാവടിച്ചു ആ ഓനാസറിന്റെ കടത്തിണ്ണയിൽ ഇരിപ്പുണ്ട് ...
ഒരു ചെറു ചമ്മലോടെ ഭാര്യയെ നോക്കി ..
തലയിൽ കൈവെച്ചോണ്ട് .. ചുവന്ന കണ്ണുകളോടെ അവളെന്നെ നോക്കുന്നു ...
@ നിരപ്പിലാൻ …..17.4.2018



മഹാ കവി റഹിം എന്ന ചെറുകഥയോട് എന്റെ പ്രതികരണം 

അനിൽ സാമിനെ പണ്ട് മുതലേ അറിയാം. എന്നാൽ 'നിരപ്പിലാനേ' യാദൃശ്ചികമായാണ് കണ്ടു മുട്ടിയത്! പെട്ടെന്നൊരു നാൾ താങ്കളുടെ ' പുതിയ മുഖം' കണ്ടപ്പോഴുണ്ടായ അതേ അത്ഭുതത്തോടെ!! ഏതായാലും ഉള്ളിലെ എഴുത്തുകാരന് ചേരുന്നുണ്ട് പുതിയ രൂപം. 

' മഹാ കവി റഹിം' വായിച്ചപ്പോൾ സമ്മിശ്ര വികാരങ്ങളാണുണ്ടായത്. കാരണം ഈ കഥയിലെ നായകൻ യഥാർത്ഥ ജീവിതത്തിൽ എന്റെ ഏറ്റവും അടുത്ത ബന്ധു കൂടി ആണല്ലോ. കൃത്യമായി പറഞ്ഞാൽ കൊച്ചാപ്പ. കൗമാര പ്രായത്തിൽ അമ്മയെ നഷ്ടപ്പെട്ടപ്പോൾ വിഷാദം പേറി ഊരു തെണ്ടി നടന്നയാൾ . ഒടുവിൽ മഹാനഗരങ്ങളുടെ ഗലികളിൽ എവിടെയോ വെച്ച് ലഹരിയേകുന്ന പുകച്ചുരളുകളിൽ അഭയം തേടിയതാവാം. ഏതായാലും, എനിക്ക് ഓർമ്മയുള്ള കാലം മുതൽ പ്രാകൃത രൂപം. ഒരേ പെരുമാറ്റം. വീണിടം വിഷ്ണു ലോകം. അന്നന്നുള്ള പുക. അതിനുള്ള അദ്ധ്വാനം. ചിന്തയുടെ ദൂരം അത്ര മാത്രം! കുഞ്ഞു കുട്ടി കുടുംബ പരാധീനതകൾ ഒന്നുമില്ല. ആ ചുണ്ടിൽ എരിഞ്ഞു തീർന്ന കനലുകൾക്കൊപ്പം നീറി കൊണ്ടേയിരുന്ന എത്രയോ ഹൃദയങ്ങൾ !! എങ്കിലും ഒരു സമാധാനമുണ്ട്. സമൂഹത്തിലെ ബോധമനസ്സുകൾ കാട്ടിക്കൂട്ടുന്ന ഒരു തരത്തിലുള്ള നെറികേടും ഈ മനുഷ്യനിൽ നിന്ന് ഇന്നേവരെ ഉണ്ടായതായി അറിവില്ല. ഒരു പക്ഷേ, തന്റെ സീമന്ത പുത്രന്റെ താളം തെറ്റിയ മനോനിലയിൽ ആത്മനൊമ്പരങ്ങളുമായി നിസ്സഹായനായി ജീവിക്കുന്ന ആ പിതാവിന്റെ പ്രാർത്ഥനയാവാം അത്തരം ആശ്വാസ വർത്തമാനത്തിനു പിന്നിൽ. ഏതായാലും, ലഹരിയുടെ നീരാളി കൈകൾ മറ്റൊരു കുഞ്ഞിനേയും താരാട്ടു പാടി ഉറക്കാതിരിക്കട്ടെ. 

വർഷങ്ങൾക്കിപ്പുറം ജീവിതത്തിലെ ആ ദുരന്ത നായകൻ ഒരു നർമ്മ കഥയിലെ ചിരിയുണർത്തുന്ന നായകനായി സ്വപ്ന തുല്യമായ അരങ്ങേറ്റം കുറിച്ചിരിക്കുന്നു! അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ ചിരിപ്പിക്കാൻ റഹിമിന് കഴിഞ്ഞിരിക്കുന്നു. 

വാൽകഷണം : കഞ്ചാവൊന്നും അടിക്കാതെ തന്നെ എഴുത്തു നന്നാവുന്നുണ്ട്. :) നമ്മുടെ ഗ്രാമഭംഗിയും അവിടുത്തെ കഥപാത്രങ്ങളും നിരപ്പിലാന്റെ തൂലികതുമ്പിലൂടെ അനുവാചക ഹൃദയങ്ങളിൽ പുനഃരവതരിക്കട്ടെ. ആശംസകൾ .......................
ഒരു മെയ് മാസപ്പുലരിയിൽ
ഇന്ന് മറ്റൊരു മെയ് ദിനം. ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളിലും മെയ് ഒന്നിന് തൊഴിലാളി ദിനം ആഘോഷിക്കുമ്പോൾ, ചിലയിടങ്ങളിൽ മറ്റു ദിവസങ്ങളിലാണ് ഈ ആഘോഷം. ജോലി സമയം എട്ടു മണിക്കൂർ ആക്കി പരിമിതപെടുത്താൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്ന പാവം തൊഴിലാളികളുടെ ത്യാഗ സമരങ്ങളുടെ വിജയസ്മരണക്കായി മാറ്റി വെക്കപ്പെട്ട വിശേഷ ദിനം. തൊഴിൽ രംഗത്തെ ചൂഷണങ്ങൾ ഇല്ലാതാകും വരെ ഇശ്ചാ ശക്തിയോടെ വിമോചന പോരാട്ടങ്ങൾ നടത്തിയ വിപ്ലവനായകൻമാരുടെ വീര ഗാഥകൾ ആവേശത്തോടെ വിവരിക്കപ്പെടുന്ന ദിവസം.
വർഷങ്ങളായി കേരളത്തിലെ തൊഴിലാളി നേതാക്കന്മാർ കണ്ണിൽ ചോരയില്ലാതെ, മനസ്സാക്ഷിയില്ലാതെ, പിടിച്ചു പറിയെന്നോണം, ഭീഷണിപ്പെടുത്തി അനർഹമായി കൈപ്പറ്റിയിരുന്ന 'നോക്ക് കൂലി'എന്ന പകൽ കൊള്ളയ്ക്ക് വിലക്ക് കല്പിക്കാൻ അതേ ദിനം തന്നെ സഖാവ് പിണറായിക്ക് തെരഞ്ഞെടുക്കേണ്ടി വന്നത് മറ്റൊരു വിരോധാഭാസമായി ചരിത്രത്തിൽ ഇടം പിടിക്കും. കൃത്യ നിർവഹണത്തോടൊപ്പം ഉണ്ടാകേണ്ട അവകാശ സംരക്ഷണ ബോധം ഒടുവിൽ അവനവന്റെ ആവശ്യ നിർവഹകണബോധം മാത്രമായി തരം താണുപോയപ്പോൾ പിറവിയെടുത്ത കൊള്ളരുതായ്മയുടെ ഓമനപ്പേരായിരുന്നു 'നോക്ക് കൂലി'. ഏതായാലും, അധ്വാനഭാരമില്ലാതെ അന്യന്റെ മുതൽ അന്യായമായി അകത്താക്കാനുള്ള അത്യാർത്തി ഒരു സംസ്കാരമെന്നോണം നമ്മുടെ സമൂഹത്തിൽ ഇനിയും വളരാതിരിക്കാൻ ഈ പ്രഖ്യാപനം സഹായകമാകും എന്ന പ്രത്യാശയോടെ..നമുക്ക് നേരാം .. മെയ് ദിനാശംസകൾ .....