ഗരിയയിലെ ഹർഷോദയം
അതി സുന്ദരമായ ഒരു അനുഭവമായിരുന്നു അത്. ഇതിന് മുമ്പ് ഇങ്ങനെ ഒരു ഉദയം കണ്ടത്, ഞാൻ തന്നെ ഉദയം ചെയ്ത് അധിക വർഷങ്ങൾ ആകും മുമ്പാണ്. അങ്ങ് കന്യാകുമാരിയിൽ വച്ച് !! കൈയെത്തും ദൂരത്ത് ഇങ്ങനെ ഒരു സാദ്ധ്യത ഉണ്ടായിരുന്നിട്ടും ഇന്നലെയാണ് ഉദയത്തിന് സാക്ഷിയാകണമെന്നൊരു മോഹം ഉദിച്ചത്. അങ്ങനെ, പത്നീ സമേതം 80 കിലോമീറ്ററോളം അകലെ ഗരിയ്യാ ബീച്ചിലേക്ക് ഒരു രാത്രി യാത്ര. ഒപ്പം സമാന ചിന്തയിൽ പങ്കു ചേർന്ന് പല ദിക്കിൽ നിന്ന് മറ്റു ചില കുടുംബങ്ങളും. പുലർച്ചെ മൂന്നരയോടെ ബീച്ചിൽ എത്തി. അവിടെ ഞങ്ങളെ കാത്തിരുന്നത് അവിസ്മരണീയമായ കാഴ്ചകളാണ് !
പൗർണ്ണമിയുടെ അഭൗമ ശോഭയിൽ മുങ്ങിക്കിടക്കുന്ന ശാന്തമായ കടലോരം. രാത്രിയുടെ അന്ത്യയാമത്തിലെ നനുത്ത കുളിർ കാറ്റ്! നിലാവിൻ്റെ നിറവിൽ കടലിൻ്റെ നീലിമക്ക് പിന്നെയും തിളക്കമേറി. ആർദ്രമായ തീരത്തെ,തഴുകിത്തലോടി ഉറക്കുന്ന കുഞ്ഞലകൾ. പ്രകൃതിയുടെ താളക്രമങ്ങൾ എത്ര സംഗീതാത്മകം.! കാലാനുസൃത താളങ്ങളോടെ നിലാവും കാറ്റും അലകളും ഒരുമിച്ചൊരുക്കുന്ന വശ്യമാർന്ന ഒരു സംഗീത നിശ... തിരയും തീരവും തീവ്ര സ്നേഹത്താൽ ഗാഢാലിംഗനങ്ങളിൽ മുഴുകുമ്പോൾ മാത്രം നനവു പടരുന്ന ഓരം. അങ്ങിനെ ഒരിടത്ത് കസേരയിട്ട് ഞങ്ങളിരുന്നു. ചെറു തണുപ്പുള്ള ഇളം കാറ്റേറ്റ്, ഓളങ്ങളുടെ താരാട്ട് കേട്ട്, നിലാവിൻ്റെ കമ്പളം പുതച്ച്, ചക്രവാള സീമയിലേക്ക് കണ്ണുംനട്ട് അങ്ങനെ ഇരുന്നപ്പോൾ മാനത്തെ താരങ്ങൾ അസൂയയോടെ ഞങ്ങളെ നോക്കി കണ്ണു ചിമ്മുന്ന പോലെ തോന്നി. പ്രകൃതിയുടെ മടിത്തട്ടിൽ മറ്റെല്ലാം മറന്നിരുന്ന മനോഹര നിമിഷങ്ങൾ! നേരം പോയത് അറിഞ്ഞതേയില്ല...... അപ്പോഴേക്കും, മഹാ തേജസ്വിയെ വരവേൽക്കാനെന്നോണം ചക്രവാളമാകെ ചുവപ്പ് പരവതാനി വിരിച്ചു കഴിഞ്ഞിരുന്നു....
നിലാവിൻ്റെ നീലിമ നേർത്ത് വന്നു. അരുണ കിരണങ്ങളുടെ സ്ഫുരണമാർന്ന് തെളിമാനം തുടുത്തു. കാത്തിരുന്നവർക്ക് ദർശനമേകും മട്ടിൽ സാഗരത്തിൻ്റെ അങ്ങേ അറ്റത്ത് കതിരോൻ എഴുന്നള്ളത്ത് തുടങ്ങിയിരുന്നു. ഉരുക്കിയ ചെമ്പിൽ തീർത്ത നേർത്ത ഒരു വക്രത്തുണ്ടായി തെളിഞ്ഞ്, നിമിഷങ്ങൾക്കുള്ളിൽ അർദ്ധവൃത്താകൃതി പൂണ്ട് വീണ്ടും ഉയരങ്ങളിലേക്ക്.. യാത്ര തുടരുകയാണ്. വെൺ മേഘങ്ങൾക്കിപ്പോൾ സ്വർണ്ണത്തിളക്കം. ഓളപ്പരപ്പിൽ ഊളിയിടുന്ന സുവർണ്ണ രശ്മികൾ. പ്രപഞ്ചമാകെ പുലരി ഒരു ആഘോഷമാക്കുന്ന പ്രതീതി. കാറ്റിന് ഗതിവേഗം ലേശം കൂടിയോ?! ആഹ്ലാദത്തിരയിളക്കം അലകളിൽ പ്രകടമായിരുന്നു. ആഘോഷത്തിമർപ്പിൽ ഒരോ വരവിലും മതിയാവോളം തീരത്തെ വാരിപ്പുണരുന്ന തിരകൾ ! സാഗര മുഖത്ത്, നിരകളായി പറന്നും സ്വരമുതിർത്തും പക്ഷിജാലം.
തീരത്തെ മുഖങ്ങൾ, ഉഷസ്സിൻ്റെ പ്രഭക്കൊപ്പം തിളക്കമാർന്നു നിന്നു! എവിടെയും പ്രതീക്ഷയുടെ നാമ്പുകൾ മുളപ്പിച്ച നവോത്സാഹം. ..ചരിവേറിയ തീരങ്ങളിൽ തിരകൾക്കൊപ്പം ചുവട് വച്ച് ബാലികാ ബാലൻമാർ. പ്രണയക്കടലിൽ മുങ്ങി നീരാടി ഒരേ മനസ്സോടെ ഇണകളും. ഈറനണിഞ്ഞ മണൽപ്പരപ്പിൽ ഭാവനയുടെ ചിറകിലേറി കുരുന്നുകൾ. മറ്റൊരു കൂട്ടർ പ്രാതലിനുള്ള വട്ടം കൂട്ടി... എരിയുന്ന കനലുകൾ ബാല സൂര്യൻ്റെ വർണ്ണമാവാഹിച്ചു. പൊരിയുന്ന ദോശക്കല്ലിൽ നേർത്ത ശബ്ദത്തോടെ അരിമാവ് വൃത്താകൃതികൾ പൂണ്ടു. അവയ്ക്ക് മീതെ തനി നാടൻ വെളിച്ചെണ്ണ തൂകിയതോടെ കാറ്റിൽ കൊതിയൂറും മണം പടർന്നു. തോടുകൾക്കുള്ളിലെ നിത്യ തമസ്സിൽ നിന്നും മോചനം നേടിയ മുട്ടകൾ, മോക്ഷം തേടിയെന്നോണം ഉദയചിത്രങ്ങളായി പുനർജ്ജനിച്ചു.. ഗ്ലാസുകളിൽ പകർന്ന ചൂടേറിയ സുലൈമാനി പുലരിയുടെ നവോൻമേഷം സിരകളിലെത്തിക്കാൻ മത്സരിച്ചു.... ആവി പറക്കുന്ന തനി നാടൻ വിഭവങ്ങളോടെ, കടൽത്തീരത്ത് , കൂട്ടുകാരുമൊത്ത് ഒരു പ്രാതൽ. ഇത് മറ്റൊരു ആദ്യാനുഭവം!
ഓർമ്മകൾക്കൊപ്പം സൂക്ഷിക്കാൻ ദൃശ്യങ്ങളൊക്കെയും ക്യാമറയിലാക്കി തിരികെ മടങ്ങുമ്പോൾ അകതാരിലെ ഹർഷോദയം ഉദയ സൂര്യനൊപ്പം ഉയരങ്ങളിലേക്കെത്തുന്നത് ഞാനറിഞ്ഞു. .. ( ശുഭം..)
നൗഷാദ് ഇളമ്പൽ