Sunday, 19 May 2013

മദേഴ്സ് ഡേ


അഭിനവ യുഗത്തിലെ അഭ്യസ്ത വിദ്യര്‍ക്ക് 
അമ്മയെ ഓര്‍ക്കുവാന്‍   ഒരു 'ദിനം' വേണം
അറിവുമോര്‍മ്മയുമേറിടും   മുമ്പവര്‍ 
അമ്മയാം ക്ഷമയുടെ നെല്ലിപ്പലകകള്‍ 

ആത്മാംശമുള്ളിലായ് പേറുന്ന വാര്‍ത്ത തന്‍  
ആത്മ ഹര്‍ഷങ്ങളിലാറാടുമമ്മ  
ആ ജന്മ സാഫല്യം മാതൃത്വമാണെന്ന്  
സജലമാം  മിഴികളാല്‍  സാക് ഷ്യപ്പെടുത്തും 

കനവുകള്‍  തേടി നടന്നൊരു പെണ്ണവള്‍ 
കനിവിന്നുറവായി മാറും ദിനങ്ങള്‍ 
കരുതലിന്‍ മിഴിയോടെ കാവലിരിക്കും 
കഠിനമാം  വഴികളിലൂടെ ചരിക്കും 

പ്രാണന്‍ പകുത്തു കൊടുത്തതിന്‍ ശേഷവും 
പുഞ്ചിരിയോടമ്മ മാറോടണച്ചിടും 
കണ്ടിടുമമ്മയാ കുഞ്ഞിളം കണ്‍കളില്‍  
കതിരിടുന്നായിരം പുത്തന്‍ പ്രതീക്ഷകള്‍

അണയാത്ത സ്നേഹമായെന്നും തെളിഞ്ഞും 
അറിവിന്‍  നിലാവായെന്നും പരന്നും 
അലിവോടെയൂട്ടിയുറക്കിയോരമ്മയെ
അവിവേകമാട്ടിയിറക്കുന്ന കാഴ്ച്ചകള്‍!

അമ്മ തന്‍ സ്നേഹത്തിനാഴമളന്നീടാന്‍ 
അവനിയിലെവിടെയും ആഴിയൊന്നുണ്ടോ?
പ്രകടമായ് നല്കുവാനൊരു 'ദിനം' പോരാ 
പകരമായ് നല്കിടാം  ശിഷ്ടായുസ്സ്.... 




































  









Monday, 13 May 2013

കലികാല ചിന്തകള്‍

ഉയരത്തില്‍ കാട്ടി വീശും കരങ്ങളും 
ഉയിരാര്‍ന്ന പുഞ്ചിരിയേകും മുഖങ്ങളും 
ഉയരത്തിലെത്തവേ അധികാര ലഹരിയില്‍ 
ഉന്മാദ നൃത്തം ചവിട്ടുന്ന ദൃശ്യങ്ങള്‍!

അഴികൾക്കുമുള്ളിലും 
സുഖമായ് വസിച്ചിടും
അഴിമതിക്കാര്‍ ചേര്‍ന്ന് വാഴുമീ ദേശത്ത് 
അഴകൊത്ത പെണ്‍കൊടിക്കെന്നുമെവിടെയും 
അഴിയാക്കുരുക്ക്‌ കരുതിയിരിപ്പവര്‍!

മഞ്ഞില്‍ വിരിഞ്ഞൊരു പൂവിനെപ്പോലെയീ 
മണ്ണിന്‍ മനസ്സില്‍ മറഞ്ഞൊരു കന്യക*
അന്യന്റെ മര്‍ദ്ദനമേറ്റു കടന്നുപോയ് 
അന്യായ വിധിയും കാത്തു കിടന്നവന്‍ !**

ആര്‍ത്തിയില്‍ മുങ്ങിക്കിടക്കുന്ന  ദേഹത്ത് 
ആര്‍ദ്രതയേറുന്ന ഹൃദയമിന്നെവിടെ?
അരുതാത്തയാശകള്‍ തേടുന്ന മേനിയില്‍ 
ആത്മ വിശുദ്ധി തന്‍ നൈര്‍മ്മല്യമെവിടെ?

ഉത്കൃഷ്ട ചിന്ത തന്നുറവിടമാകേണ്ട 
ഉന്നത സൃഷ്ടിയാം മര്‍ ത്ത്യന്റെ ധിഷണയില്‍ 
പലവിധ ലഹരികള്‍ വെട്ടിത്തുറക്കുന്നു 
പതനത്തിന്‍ പാതകള്‍ നിത്യേനയെന്നോണം 

അറിയു നീ എന്നെയും നിന്നേയുമൊരുപോല്‍ 
അളവറ്റ കാരുണ്യമൊന്നിനാല്‍ പോറ്റിടും 
അഖിലത്തിനുടയവനായൊരു തമ്പുരാന്‍ 
അതി സൂക്ഷ്മം ഒക്കെയും കരുതിടും വിധിക്കായ്‌  

* നിർഭയ 
** പാകിസ്ഥാൻ ജയിലിൽ മരിച്ച ഇന്ത്യക്കാരൻ സരബ്‌ജിത് സിങ്